രാപ്പനിയും യക്ഷിയും ക്രെഡിറ്റ്കാര്‍ഡും

രാപ്പനി!

ഒരു കാരണവുമില്ലാത്ത രാപ്പനി കുറച്ച്ദിവസങ്ങളായി ഉറക്കം കെടുത്തുന്നു. ശരിക്ക് പറഞ്ഞാല്‍ ഏതാണ്ട് ഒരു മാസമായി മര്യാദയ്ക്കുറങ്ങിയിട്ട്.  കമ്പ്യൂട്ടെറിലെ എല്ലാതോന്ന്യാസങ്ങളും  കഴിഞ്ഞിട്ട് കിടക്കുമ്പോള്‍ അര്‍ദ്ധരാത്രി പിന്നിട്ട് പ്രേതങ്ങളിറങ്ങുന്നതും ബാങ്ക്ലൂരിലെ കൈനീട്ടി പോലീസുകാര്‍ മയക്കം പിടിക്കുന്നതുമായ സമയമാവും. അങ്ങനനെയാണ്‌ ബ്ലോഗിങ്ങിന്റെ ആവേശം തൊട്ടു തീണ്ടിയിട്ടില്ലാത്ത, 'മാനസപുത്രി'യുടെ ക്ലൈമാക്സ് കാത്തൊരുമാസം വൈസ്റ്റാക്കുന്ന, എന്റെ അമ്മയ്ക് എന്റെ ഉറക്കത്തിനെ കുറിച്ചുള്ള അഭിപ്രായം. അങ്ങനെ മുടിയഴിച്ചിട്ട യക്ഷിയുമായി ഒരു യുഗ്മഗാനമൊക്കെ പാടി ഇത്തിരി റൊമാന്‍സ് ഒക്കെ അടിച്ച് കിടന്നുറങ്ങിയാല്‍ മതിയെന്ന് എനിക്കും ആഗ്രഹമുണ്ട്.

 യക്ഷികള്‍ക്കൊക്കെ എന്താ ഒരു ഫിഗറ്. നമ്മള് നേരിട്ട് കണ്ടിട്ടില്ലെങ്കിലും പണ്ട് മുതല്‍, എന്നു വച്ചാ നസീര്‍സാറ് ബ്ലാക്ക്  ആന്‍ഡ് വൈറ്റില്‍ ഷീലമാഡത്തിന്റെ പറയാന്‍ കൊള്ളാത്തിടത്തടിക്കുന്ന കാലം തൊട്ട് ശ്രീവിദ്യയുടെ വാര്‍പൂങ്കുല തോല്‍ക്കും കാര്‍കൂന്തലും സ്വിഫ്റ്റ് കാറും മലയാളികളുടെ സ്ത്രീ സങ്കല്പങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന കാലത്തിലൂടിങ്ങോട്ട്  'ഇന്ദ്രിയ'ത്തിലെ വാണീ വിശ്വാനാദിന്റെ- മമ്മൂട്ടി പറഞ്ഞപോലെ ഡാഷും ഡാഷും കുലുക്കിയുള്ള നടത്തിന്റെ - കാലം വരെയുള്ള എല്ലാ സിനിമകളിലും കണ്ടിട്ടുള്ള യക്ഷികള്‍ നമ്മുടെ സജീവേട്ടന്‍ കൊടകരപുരാണത്തില്‍ 'മുണ്ടാപ്പന്റെ കറാച്ചി ' [Reference Link] യിലെ മിസ്സ് എരുമ സുന്ദരിയെ ഒന്നു മെലിയിച്ചിടുത്തിട്ടപോലെയുള്ള ഒരു 28:36:28 എന്നൊക്കെ പറയാവുന്ന, കണ്ണും മനസ്സും തള്ളിപ്പോവുന്ന ഷെയിപ്പുകളിലായിരുന്നു. അതുപോലെ ഒരുപെണ്ണിനെ ജീവിതത്തില്‍ വളച്ചെടുക്കാന്‍ പറ്റാത്തതിനാലും ആ കലയില്‍ നമ്മള്‍ വളരെ വളരേ പുറകിലായതിനാലും ' യക്ഷിയെങ്കില്‍ യക്ഷി' എന്ന നമ്മടെ പോളിസിക്ക് വളരെ പ്രാധാന്യമ്മുണ്ടായിരുന്നു.

ചുറ്റുവട്ടത്തുനിന്നും, ബങ്ക്ലൂരിന്റെ സംസ്ഥാന മൃഗമായി അനൌദ്യോഗികാഗീകരമുള്ളതും സൈക്കിളിന്റെ പുറകിലും ബൈക്കിന്റെ പുറകിലും കാറിന്റെ പുറകിലും ട്രൈനിന്റെ പുറകിലും, എന്തിന്‌ പുതിയ എയര്‍പോര്‍ട്ട് വന്നതിനു ശേഷം മാനാത്തുകൂടെ രാത്രി പത്തരയ്ക്കുശേഷം പറക്കുന്ന ഫ്ലൈറ്റുകളുടെ പുറകിലും വരെ ഓടി ആളെ പേടിപ്പിക്കുന്ന എല്ലാ നായക്കളും ഓരിയിടുമ്പോള്‍ കൂരാകൂരിരിട്ടിലും സുന്ദരിയായ യക്ഷിയെ ഞാന്‍ തിരയാറുണ്ടായിരുന്നു.പക്ഷെ ചെകുത്താന്‍മാര്‍ ഇതു വരെ കടാക്ഷിച്ചിട്ടില്ലെന്നതു ഒരു ദു:ഖസത്യമായി അവശേഷിക്കുന്നു.

അപ്പൊ നമ്മള്‍ പറഞ്ഞുവന്നത് ലൈറ്റ് നൈറ്റ് സ്ലീപ്പിനെ പറ്റി. അങ്ങനെ രാത്രി വൈകി കിടന്നലും അലാറം വച്ചതിനേക്കള്‍ ക്രിത്യമായി ഒരു മൂന്ന് മണിയാകുമ്പോഴെക്കും എണിറ്റുപോവും ഈ രാപ്പനി കാരണം! എന്നാ പിന്നെ കാരണവന്‍മാര്‍ പറഞ്ഞ പോലെ ശ്രീക്രിഷ്ണലീലാമൃതവും ശ്രീ ഗുരുവായൂരപ്പനും ഒക്കെ കണ്ട് നല്ലകുട്ട്യായി ഭക്തിമാര്‍ഗ്ഗത്തില്‍ സഞ്ചരിച്ച് നേരത്തെ കിടന്നാലെങ്കിലും രാപ്പനി മാറുമോന്നു നോക്കാന്‍ തീരുമാനിച്ചു.ഈ പറഞ്ഞത് ഒരു വല്യ ത്യാഗം തന്നെയാണ്. ബ്ലോഗ്ഗിങ്ങും ഒര്‍കുട്ടിങ്ങും പോലെയുള്ള തന്ത്രപ്രധാനങ്ങളായ പല 'ഇങ്ങു'കളും മാറ്റിവച്ച്, MTV യിലും ചാനല്‍ V യിലും വരുന്ന ജെന്നിഫര്‍ ലോപ്പസ്സിനെയും ഷക്കീറയെയും ബ്ബോയെന്സിനെയും പിന്നെ രഞ്ജിനീ ഹരിദാസിനെയും ഒക്കെ കണ്ട് ഗുഡ്‌നൈറ്റും സ്വീറ്റ് ഡ്രീംസും പറയാണ്ട് ഉറങ്ങാന്‍ കിടക്കാ എന്നൊക്കെ പറയുന്നത്, അച്ചുമാമന്‍ പാട്ട്പാടാണ്ട് പ്രസംഗിക്കാന്‍ ശ്രമിക്കുന്നപോലെയുള്ള ഒരു ത്യാഗമാണ്.എന്തുവന്നാലും ശരി ഒന്നുറങ്ങിയിട്ടു തന്നെയുള്ളൂന്ന് ഞാനും തീരുമാനിച്ച ദിവസങ്ങളായിരുന്നു അത്. പക്ഷെ ആ പരീക്ഷണവും പരാജപ്പെട്ടു. രണ്ടു ദിവസങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍ സകല കാരണവന്‍മരുടെയും അപ്പൂപ്പനു വിളിച്ച് ആ പരീക്ഷണം ഉപേക്ഷിച്ചു. ഇനി ഡോക്ടറെകാണാംന്ന് തീരുമാനമായി.

അങ്ങനെ ഗണപതിക്കു തേങ്ങയുടച്ച് ഒരു പുതിയ കാര്യം ചെയ്യാനയി തീരുമാനിച്ചു. ഇംഗ്ലീഷ് മരുന്ന് ബിഷഗ്ഗ്വരനെ തന്നെ കണ്ടു. ആള്‍ വളരെ ഈസിയായി മരുന്നെഴുതി. നാട്ടിലെ പോലെ തന്നെ- നമുക്ക് വായിക്കനറിയാത്ത ഇംഗ്ലീഷില്‍ തന്നെയാണെഴുതിയത്. പുള്ളി പുല്ലു പറിക്കുന്നതു പോലെ ഈസിയായി മരുന്നെഴുതുന്നത് കണ്ട എനിക്ക് രോമാഞ്ചമുണ്ടായി. എന്തുകൊണ്ടീ ഐഡിയ നേരത്തെ തോന്നീലന്നാലോചിച്ച് മരുന്നുഷാപ്പില്‍നിന്ന് മരുന്ന് മേടിച്ച് ഡോക്ടര്‍ എഴുതിയ ഇംഗ്ലീഷ് ഈസിയായി മനസ്സിലാക്കി.

മരുന്നു മേടിച്ചപ്പോഴുണ്ടായ ആത്മവിശ്വാസമൊക്കെ മരുന്നു കുടിച്ചപ്പോള്‍ പമ്പകടന്നു... ഒഹ് സോറി.. പമ്പ നാട്ടിലല്ലെ ഇവിടെ കാവേരി കടന്നു അങ്ങ് കരുണാനിധിയുടെ കണ്ണാടിക്കുള്ളിലായി. രണ്ട് പ്രാവസ്യം കുടിച്ചപ്പൊഴത്തെക്ക് എന്റെ കയ്യും കാലും വിറക്കന്‍ തുടങ്ങി. ഏത് ചാത്തന്‍ സാധനവും ഓണ്‍ ദ റോക് , വെള്ളം ചേര്‍ക്കതേന്ന് മലയാളം, അടിച്ചാലും നാവ് കുഴയാതെ പറയേണ്ടതെല്ലാം പറയാന്‍ പറ്റുന്ന നമ്മളെ ഒരു മരുന്ന് തോല്‍പ്പിച്ചുന്നു പറയുന്നത് നാണക്കേടായതിനാല്‍ ഒരു പ്രാവശ്യം കൂടെ അതെടുത്ത് കമഴ്തി വായിലേക്ക്. പ്രാണന്‍ ഏതാണ്ട് ശരീരത്തിന്റെ നാലടി ദൂരെ മാറി നിന്ന് ബാഗും വാട്ടര്‍ബോട്ടലും കല്ലടാട്രാവല്‍സിന്റെ ടിക്കറ്റും എടുത്ത് റ്റാറ്റ പറയുന്നത് എന്റെ കണ്ണുകൊണ്ട്ഞാന്‍ കണ്ടു. ഒരു വിദത്തിലൊക്കെയാണ്‌ ആളെ ഞാന്‍ മടക്കി വിളിച്ചത്.

ഇതികര്‍ത്തവ്യതാമൂഠനായി അങ്ങനെ ഇരിക്കുമ്പോളാണ്‍ എന്നല്‍ അടുത്തുള്ള കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ ബ്രാഞ്ചില്‍പോയി ഒരു മലയാളി വൈദ്യരെകണ്ട് കാര്യങ്ങള്‍ മലയാളിവത്കരിക്കാം എന്നു തോന്നിയത്. വീണ്ടും എന്തുകൊണ്ടീ ഐഡിയ നേരത്തെ തോന്നീലന്നാലോചിച്ചു. വിട്ടു വണ്ടി നേരെ വൈദ്യരെ കാണാന്‍.അവിടെ ചെന്ന് ആളെ കണ്ടു... 'ഏനാകിത്തു?' പോയില്ലെ സകല മലയാളിത്തവും! പുള്ളി തനി കന്നഡിക! അറിയാവുന്ന കന്നടയിലും കുറച്ചറിയുന്ന ഹിന്ദിയിലും കാര്യങ്ങള്‍ പറഞ്ഞു. ആള്‍ മരുന്നെഴുതി. എന്നോടു പറഞ്ഞു തന്നു. ഒരു ചൂറ്ണ്ണം കാണിച്ച് ആളു തുടങ്ങി 'ഇത് വളരെ വിശേഷപ്പെട്ട ഒരു സംഭവം. വൈദ്യലോകത്തെ വിസ്മയം...' ന്നൊക്കെ പറഞ്ഞു തുടങ്ങീപ്പൊ എനിക്കു തോന്നി ശ്ശൊ എന്റെ രോഗം ആയുര്‍വേദം കൊണ്ട് മാത്രമേ മാറൂ, നന്നായി ഇപ്പോഴെങ്കിലും വരാന്‍ തോന്നിയത്. ആദ്യം ഇഗ്ലീഷ് മരുന്നു വാങ്ങിയ ഞാനെന്തൊരു വിഡ്ഡി! അല്ലെലും നമ്മള്‍ നമ്മളെ നാടിന്റെ മഹത്വം മനസ്സിലാക്കുന്നില്ല. പഴയമഹര്‍ഷിവര്യന്‍മാരെ ഒക്കെ മനസ്സിലോര്‍ത്തു. ഏതൊക്കെയോ താടിവച്ച ടീംസിനെ ഓര്‍മ്മ വന്നുന്നുള്ളതൊഴിച്ചാല്‍ ദൈവം സഹായിച്ചിട്ട് ഒരു പരിചയമുള്ള പേര് പോലും മനസ്സില്‍ ഓര്‍മ്മവന്നീല്ല. എന്തെലും ആവട്ടെ, മനസ്സില്‍വന്നവര്‍ക്കൊക്കെ സ്തുതി പറഞ്ഞു. താടിക്കരുടെ കൂട്ടത്തില്‍ സന്തോഷ് മാധവാനന്ദജിയും ഉണ്ടായിരുന്നോന്നു സമ്ശയം. എന്തായാലും കൊള്ളാം ആയുറ്വേദത്തിന്റെ താളിയോലകളില്‍ എഴുതിയിരിക്കുന്ന എന്റെ അസുഖം മാറ്റാന്‍ കെല്‍പ്പുള്ള ആ അത്ഭുത മരുന്നിനെ സ്തുതിച്ചുകൊണ്ട് ആ മരുന്നു ചീട്ട് ഞാന്‍ മേടിച്ച് ആ മരുന്നിന്റെപേരു നോക്കി. ഭാഗ്യം നമ്മടെ വൈദ്യന്‍മാരെ പോലെയല്ല, നല്ല വടിവൊത്ത് അക്ഷരത്തിലാണ്‍ സ്ക്രിപ്റ്റ്. മരുന്നിന്റെ പേര്‍ വായിച്ച ഞാന്‍ ഡോക്ടറെ ഒന്ന് ഇരുത്തി നോക്കി . മരുന്നു താലീസപത്രാദി ടാബ്‌ലറ്റ്. നമ്മൂടെ നാട്ടില്‍ നാരങ്ങാമിഠായിയിയും എലന്തയ്ക്കാ അച്ചാറും കഴിഞ്ഞാല്‍ മിഠായിതിന്നുന്ന പോലെ നമ്മള്‍ അലിയിച്ചിറക്കികൊണ്ടിരുന്ന അതേ താലീസപത്രാതി. വയനാട് കടന്നപ്പോഴേക്ക് അത്ഭുത മരുന്നായി! അടിമുടി ഒന്നു വൈദ്യനെ നോക്കി ! പിന്നെ വേറെ പേരുകേള്‍ക്കാത്ത ചില അരിഷ്ടങ്ങള്‍ ഉള്ളതില്‍ ഒരല്‍പ്പം പ്രതീക്ഷ ഉള്ളതുകൊണ്ട് മരുന്നു മേടിച്ചു തിരിച്ചു നടന്നു. കഴിച്ചു തുടങ്ങീപ്പോ നമ്മടെ ആത്മവിശ്വാസം തിരിച്ചുവന്നു. ഒന്നൊന്നര എഫ്ഫെക്റ്റ് ആണ്‌ ‍ ആ അരീഷ്ടം ഇറങ്ങിപോവുമ്പൊള്‍.കിടിലന്‍. ഇതെന്റെ അസുഖം മാറ്റും.ദിവസങ്ങള്‍ ഒന്ന് രണ്ട് മൂന്ന്, ഒരു പുരോഗതിയും ഇല്ലാ. ആയുര്‍വേദമല്ലെ സമയമെടുക്കും. വീണ്ടും ആത്മ വിശ്വാസം വര്‍കാകുന്നു. അഞ്ചാമത്തെ ദിവസം... എന്റെ അസുഖം ആയുര്‍വേദത്തിന്റെ വരദാനത്തിലൂടെ മാറുമെന്നത് കരുണാകരന്‍ ഇനിയും മുഖ്യമന്ത്രിയാകും എന്നത് പോലെയുള്ള ഒരു നല്ല ദിവാസ്വപ്നമാണെന്ന് മനസ്സിലായി.

അങ്ങനെ ഇനിയെന്ത് എന്നാലോചിച്ച് വീണ്ടും രാപ്പനി കാരണം ഉറക്കം പോയി നക്ഷത്രമെണ്ണി വല്ല യക്ഷിയെയും കണ്ടാലായി എന്നാലോചിച്ചുകൊണ്ടിരുന്ന രാത്രി മൂന്നരമണിക്ക്‌ അടുത്ത ബുദ്ധിയുദിച്ചു. വിട്ടേക്കാം വണ്ടി നാട്ടിലേക്ക്. അവിടെ പോയി വല്ല സ്പെഷ്യലിസ്റ്റിനേയും കണ്ടേക്കാം! ഇല്ലാത്ത ടിക്കറ്റോടിപിടിച്ചു വെള്ളിയാഴ്ച്ച വൈകുന്നേരം ബംഗ്ലൂരിലെ ട്രാഫിക്കിന്റെ മുകളിലൂടെ കയറിമറിഞ്ഞ് ട്രാവല്‍സിലെത്തിയപ്പോഴെക്ക്ക്കും ബസ്സ് വിടാനുള്ള സമയം കഴിഞ്ഞിട്ട് പതിനഞ്ച് മിനിട്ടുകഴിഞ്ഞിരുന്നു. ഓടി ടിക്കറ്റ് മേടിച്ച് 'എന്തേലും കഴിക്കനുള്ള സമയം ഉണ്ടോ ചേട്ടാ' എന്ന വിനീതമായ ചോദ്യത്തിന്ന് കിട്ടിയ കര്‍ണ്ണാനന്ദകരമായ മറുപടി കേട്ട് മലയാള ഭാഷ ഇത്രയ്ക്ക് വൃത്തികെട്ടതായത് ഞാന്‍ അറിഞ്ഞില്ലാന്നു മാത്രം പറഞ്ഞു ഓടി ബസ്സില്‍ കയറി. വി ഐ പി യെ കാത്ത് ഫ്ലൈറ്റ് ലൈറ്റ് ആക്കി എന്ന പോലെയുള്ള തോന്നലാല്‍ അഭിമാന പൂരിതമായ അന്തരംഗം എന്റെ സീറ്റ് തേടിപ്പിടിച്ച് കണ്ടെത്തിയ വരയേ നിന്നുള്ളൂ. തൊട്ടടുത്ത സീറ്റില്‍ നമ്മുടെ പരിചയമുള്ള മറ്റൊരു ഗഡിയാണ്. ടിയാന്‍ ബസ്സ് ലൈറ്റ് ആക്കിയതെനിക്കുവേണ്ടിയാണെന്നു മനസ്സിലാക്കിയത്കൊണ്ട് വന്ന ദേഷ്യം സെന്‍സര്‍ചെയ്യാത്ത ഒരു മുട്ടന്‍ തെറിയായിട്ട് ലോഞ്ച് ചെയ്തപ്പോള്‍ ഒരു ചെറിയ ചിരിയും ചിരിച്ചുകൊണ്ട് മറ്റാരും കേട്ടില്ലാന്നു മനസ്സില്‍ വീണ്ടും വീണ്ടും ഊന്നി ഊന്നി ചിന്തിച്ചു അഥവാ ചിന്തിപ്പിച്ചു , വിശ്വസിച്ചു.


അങ്ങനെ ഉറക്കമില്ലാത്ത ഒരു രാത്രിയും കഴിഞ്ഞു നേരെ വീട്ടില്‍. അമ്മയുടെ ദീര്‍ഘനിശ്വാസവും നീ [പിന്നേം] കോലം കെട്ടല്ലോടാന്നുള്ള സ്ഥിരം വെല്‍കം സ്പീച്ചും കഴിഞ്ഞതിനുശേഷം സൂപ്പെര്‍ സ്പെഷാലിറ്റി ഹോസ്പിറ്റലില്‍ തന്നെ പോയി ആവശ്യത്തില്‍ കൂടുതല്‍ സ്പെഷ്യലൈസ് ചെയ്ത ഒരു ഡോക്റ്ററെ തന്നെ കണ്ടു. പിതാശ്രീ അവിടെ തന്നെ വര്‍ക്ക്ചെയ്യുന്നത് കാരണം വീ ഐ പി പരിഗണന തന്നെ കിട്ടി. ഏഴുതിയ മരുന്നിന്റെ കാര്യത്തിലും അതുണ്ടായി. ഒരു പ്ലാസ്റ്റിക് കവര്‍ നിറച്ച് മരുന്നുകള്‍.ലാലേട്ടന്‍ പറഞ്ഞപോലെ ചുവപ്പ് വെള്ള ആന്റി അങ്കിള്‍ തുടങ്ങി പല നിറത്തിലും ഭാവത്തിലുമുള്ള ബയോട്ടിക്കുകള്‍! ഭാഗ്യത്തിന്‌ ടോണിക്ക് ഒന്നുമില്ല. മരുന്നിനോട് തോറ്റ് ചമ്മിയ കാര്യം മുന്നെ പറഞ്ഞതോണ്ടാവും. ജീവിതത്തിന്ന് വിലകല്‍പ്പിക്കുന്നതോണ്ടാണ്‌ അഭിമാനക്ഷതമുള്ളതാണേലും ഉള്ള കാര്യം ആദ്യം തന്നെ പറഞ്ഞത്. പ്രാണന്‍ കല്ലടാ ട്രാവല്‍സിന്റെ ടിക്കറ്റുമായി റ്റാറ്റയും പറഞ്ഞ് ഒരു ഫ്ലയിങ്ങ് കിസ്സും നല്കി നാലടി മാറി നില്‍ക്കുന്നത് കണ്ട ഒരു മലയാളിയും പിന്നെ ടോണിക് കുടിക്കുമെന്ന് എനിക്കു തോന്നുന്നില്ല. ഈശ്വരാ അപ്പൊ ഇത്രവല്യ അസുഖായിരുന്നല്ലെ, ഇതിന്നണോ ആദ്യം കണ്ട ഡോക്റ്റര്‍ പുല്ലു പറിക്കുന്ന ലാഘവത്തില്‍ മരുന്നെഴുതിയത്? അയാളു മിക്കവാറും വ്യാജനായിരിക്കുംന്നുറപ്പിച്ചു കിട്ട്യമരുന്നുമായി ഒരു ഗൂഡ്സ് വണ്ടി തന്നെ വിളിച്ച് മരുന്നു പുറകിലിട്ടശേഷം വീട്ടിലെത്തി. ഇപ്പ്രാവശ്യം എന്തായാലും രോഗം മാറും ഉറപ്പാണ്. മലയാളി ഡോക്ടര്‍, അതും സ്പെഷ്യലൈസ്ഡ്, അതും സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍. വീണ്ടും ആത്മവിശ്വാസമായി! എന്റെ ഒരു കാര്യം, ഇത്രയൊക്കെയായിട്ടും വീണ്ടും ആത്മവിശ്വാസത്തിനൊരു കുറവുംഇല്ലാ!

അറിയാവുന്ന എല്ലാ ദൈവങ്ങളേയും ഇനി വരാനുള്ള കല്ക്കിയെയും ജോര്‍ജ്ജ് ബുഷിനെയും ബല്ലാക് ഒബാമയെയും മനസ്സില്‍ ധ്യാനിച്ച് ആദ്യത്തെ ഡോസ് മരുന്നു കഴിച്ചു. കുഴപ്പമില്ല.സെക്കന്റ്‌സൂചി പലവട്ടം കറങ്ങി സുര്യനും! രണ്ട് ദിവസം ആന്റി ബയോടിക് ഉണ്ടായിരുന്നത് കാരണം ഒരു ആശ്വാസം തോന്നിയതൊഴിച്ചാല്‍ പിന്നെല്ലാദിവസങ്ങളിലും 'മുള്ളാനിരുന്നത് മുള്ളന്‍ പന്നിയുടെ മുന്നില്‍' എന്നു പറഞ്ഞപോലെ മുള്ളുമ്പോള്‍ മഞ്ഞപ്പിത്തമുള്ള പോലെ പേടിപ്പിക്കുന്ന മഞ്ഞ കളര്‍ മാത്രമാണ്‌ അത്രേം മരുന്നുകള്‍ ജീവിതത്തിലുണ്ടാക്കിയ ഏക
വ്യത്യാസം.

വീണ്ടും വണ്ടികയറി ബാങ്ക്ലൂരില്‍. ഞാന്‍ നിത്യരോഗിയായി മാറുകയാണോ ഈശ്വരാ എന്നു മനസ്സിലാലോചിച്ചുകൊണ്ട് പാതി മാത്രം കഴിച്ച പല മരുന്നു കുപ്പികളെയുംനോക്കി പുഞ്ചിരിക്കന്‍ശ്രമിച്ചു. എല്ലാം നിന്റെ വിധി നീ തന്നെ അനുഭവിച്ചോ എന്നമട്ടില്‍ കൂസലില്ലതെ മരുന്നുകളും. വീണ്ടും രാത്രി മൂന്ന് മണി എന്നെ ശല്യപ്പെടുത്തി തുടങ്ങി. അപ്പോഴാണ്‍ കാര്യങ്ങള്‍ ഒന്നു മാറ്റിപിടിച്ചാലോന്നലോചിച്ചത്. അല്‍പം ലോജിക്കലായിട്ട് ചിന്തിച്ചപ്പോള്‍ അതുതന്നെയാണ് ശരി എന്നെനിക്കു വീണ്ടും തോന്നി. ബാങ്ക്ലൂരിലെ സൂപ്പര്‍സ്പെഷ്യാലിറ്റിയില്‍ ഒന്നു പോയി നോക്കാം.


ബാങ്ക്ലൂരിലെ കാലാവസ്ഥയും പൊടിക്കാറ്റുകളും നാട്ടിലെ ഡോക്ടറെക്കള്‍ പരിചയം ഇവിടുള്ള ഡോക്റ്റര്‍ക്കാവണം. അങ്ങനെ നേരെ BGS ഹോസ്പിറ്റലില്‍. മലയാളി റിസപ്ഷനിസ്റ്റിന്റെ ആത്മാര്‍ഥമായ ഇടപെടലുകള്‍ കണ്ടപ്പോഴാ കസ്റ്റമര്‍ കെയറിങ്ങ് എന്താന്ന് മനസ്സിലായത്. റൂമിലില്ലാത്ത ഡോക്ടറെ തിരഞ്ഞുള്ള നടത്തത്തിന്നിടയില്‍ വീട്ടിലെ കാര്യങ്ങളും ഹോസ്പിറ്റലിന്റെ വിശേഷങ്ങളും എല്ലാം ടീംസ് പറഞ്ഞു സുഖിപ്പിച്ചു. അങ്ങനെ ഓപ്പറേഷന്‍ തിയേറ്ററിന്റെ പുറത്ത് വച്ച് ഓടിച്ചിട്ട് ഡോക്റ്ററെ കണ്ടു. അപ്പോ ഓപ്പറേഷനൊക്കെ നടത്തുന്ന പുലിയാണ്! ഇദ്ദേഹം എന്റെ രോഗം മാറ്റും. വീണ്ടും ആത്മ വിശ്വാസം. എനിക്കു വയ്യ!
 
ആള്‍ വളരെ സ്മാര്‍ടായിരുന്നു. എല്ലാകഥകളൂം കേട്ടശേഷം പുള്ളി സ്റ്റെത് ഒക്കെ വച്ചൊന്നു നോക്കി. ഒന്നും മിണ്ടാതെ നേരെ പേനയെടുത്ത് ഒരു വല്യ പേരങ്ങേഴുതി. ഇതാണ് നിന്റെ രോഗം. എന്താന്നു മനസ്സിലായില്ലെങ്കിലും ഞാന്‍ രോമാഞ്ച കഞ്ചുകനായി!. യുറേക്കാ അവസാനം ഒരു ഡോക്ടര്‍ എന്റെ രോഗം കണ്ടു പിടിച്ചിരിക്കുന്നു. പല ഡോക്ടര്‍മാര്‍ക്കും പിടികൊടുക്കതെ ഒളിച്ച് കളിച്ചിരുന്ന രോഗത്തെ ആശാന്‍ മുട്ടുകുത്തിച്ചിരിക്കുന്നൂ. ആത്മവിശ്വസത്തിന്റെ കൊടുമുടിയില്‍ തന്ന വെറും രണ്ട് മരുന്നുകള്‍ മേടിച്ച് തിരിച്ചു നടന്നൂ.തിരിച്ചു വരുന്ന വഴിയില്‍വെച്ചു എന്റെ ഒരു സുഹൃത്തിനെ വിളിച്ചു ഞാന്‍ വിവരം പറയുകപോലും ചെയ്തു. അത്രയ്ക്കാവേശമായിരുന്നു എനിക്ക്. എന്റെ സുഹൃത്താണെങ്കില്‍ മറ്റൊരു ഹോസ്പിറ്റലില്‍ അഡ്മിറ്റായിട്ട് അന്നെക്ക് ഒന്നാം ആഴ്ചാ സെലിബ്രേഷനൊക്കെ കഴിഞ്ഞു കിടക്കുന്ന സമയവും. പനികാരണം അഡ്മിറ്റായ പുള്ളിയെ ഇരുത്തിയും മലര്‍ത്തിയും കിടത്തി ചെയ്യവുന്ന ടെസ്റ്റുകള്‍ മുഴുവന്‍, MRI അള്‍ട്രാ സൌണ്ട് സ്കാനിങ്ങ് വരെ, ചെയ്തിട്ടും ഒളിച്ചിരിക്കുന്ന ബാക്ടീരിയയെയും വൈറസ്സിനെയും കണ്ട് പിടിച്ചിട്ടില്ലാ. അതെന്തേലുമാവട്ടെ, ഞാന്‍ വീട്ടില്‍ വന്നു മരുന്നു കഴിച്ചുതുടങ്ങി.
 
നല്ല വ്യത്യാസം ഉണ്ടായിരുന്നു. ഒന്നാമത്തെ ദിവസം തന്നെ അതു ഫീല്‍ ചെയ്തു. എന്നാല്‍ ഇനി അടുത്ത ദിവസം ലീവ് എടുത്തേക്കാംന്നു കരുതി ഒരു സിക്ക് ലീവും പറഞ്ഞ് വീട്ടില്‍ കിടന്ന് ഉറങ്ങാന്‍ തീരുമാനിച്ചു. നന്നായി ഉറങ്ങുന്നതിന്റെ സുഖം മറന്നിട്ട് ഒരു മാസമാകുന്നു. അങ്ങനെ രാവിലെ കാര്യങ്ങളെല്ലാം തീര്‍ത്ത്  ഉച്ചയ്ക്ക് ഉറങ്ങാനായി ബെഡിലേക്ക് ചാഞ്ഞു. ഒന്നു നന്നായി ഉറങ്ങിത്തുടങ്ങിയതാണ്. മൊബില്‍ ചിലച്ചൂ.

 എന്റമ്മേ, ചെയ്തു പാതി വഴിയില്‍ നിര്‍ത്തിയ പണിയില്‍ എന്തെങ്കിലും 'പണി'കിട്ടിയോ ആവോ, അങ്ങനെയാണെങ്കില്‍ ഇന്നീ ഉറക്കം ഇവിടെ സുല്ലീടേണ്ടി വരുമല്ല്ലോ.. ആരാണാവോ. ഫോണെടുത്തു.



സാര്‍
എന്തോ?
ഞാനിപ്പൊസംസാരിക്കുന്നത് മാലാഘനുമായി അല്ലെ ?
അതെ.
ഞാന്‍ ഐസിഐസിഐയില്‍ നിന്നാണ്
എന്തുവേണം
ഞങ്ങള്‍ സാറിന്നായി ഒരു പുതിയ ക്രെഡിറ്റ് കാര്‍ഡ്......................................[നീണ്ട കഥ...]
അവളൊന്നു ശ്വാസം വിടന്‍ നിര്‍ത്തിയപ്പോള്‍ ഒരു ഗാപ്പിനായി വ്യാഴാമ്പലായ ഞാന്‍ പറഞ്ഞൂ വേണ്ടാ... എനിക്കു താല്‍പര്യം ഇല്ലാ...
എന്നാ ശരി നല്ല ദിവസം നേരുന്നു.

ടച്ച് വിട്ടു. എന്നാലും ഒന്നൂടെ ഒന്നിനു പോയി വന്ന ശേഷം വീണ്ടും ഉറങ്ങിത്തുടങ്ങി. ഒരു സ്വപ്നത്തിന്റെ ഏതാണ്ട് ക്ലൈമാക്സ് ആണ്. എന്തോരം ദിവസങ്ങള്‍ക്കു ശേഷമാണ്‍ ഒരു സ്വപ്നമൊക്കെ കണ്ട് ഉറ്ങ്ങുന്നത്. ആസ്വദിച്ചു കാണുന്ന സ്വപ്ത്തില്‍ നായകന്‍ ഞാനും നായിക നമ്മുടെ പ്രിയപ്പെട്ട ഒരു യക്ഷിയുമാണ്. അങ്ങനെ പാട്ടൊക്കെ പാടി അതിന്റെ പ്രതിദ്വനി അടുത്തുള്ള മലകളില്‍ തട്ടി തിരിച്ച് 'ല്ലേ ല്ലേ ല്ലേ ല്ലേ ലേ ലേ ലെ..." ന്നൊക്കെ വരുന്നത് ആസ്വദിച്ചങ്ങനെ കിടക്കുമ്പോഴാണ്‍ വീണ്ടും മൊബില്‍ ചിലച്ചത്.


സാര്‍
ന്താ?
ഞാന്‍ ബാര്‍കലേയ്സ് ബാങ്കില്‍നിന്നും ഒരു കിളി
എന്നിട്ട്
ഞങ്ങള്‍ക്ക് സാറിനൊരു ലോണ്‍ തരണംന്ന്ണ്ട്
എനിക്കു വേണ്ടങ്കിലോ
എനിക്കു വിഷമാവും
മേടിച്ചല്‍ എനിക്കു ഭ്രന്താവും
ശ്ശൊ, ന്ന ഞാ വെക്കാ... എന്റെ നമ്പര്‍ ഇതാണ്. ലോണ്‍ വേണേല്‍ വിളീച്ചോളൂ.

സന്തോഷം.

രണ്ടാമത്തെ പ്രാവശ്യവും ഉറക്കം മുറിഞ്ഞു. ഒന്നു തിരിഞ്ഞു കിടന്നു. ദേ വീണ്ടും. ഈ പണ്ടാരത്തിനെക്കൊണ്ട് തോറ്റല്ലോ.. സമയം ഏതാണ്ട് 4:30 . വീണ്ടും ഫോണെടുത്തു

സാര്‍
എഎന്തുവേണം, ലോണാണെങ്കില്‍ ഇന്നെനിക്കു വേണ്ട. ആ വശ്യത്തിന്ന് അടുക്കളയില്‍ ഉണ്ട്. ഒരു റമ്മികളിക്കനുള്ള ക്രെഡിറ്റ് കാര്‍ഡും ഉണ്ട്.

അല്ല സാര്‍.
അല്ലെ? അല്ലെങ്കിലും വേണ്ട ഇന്നെനിക്കൊന്നും വേണ്ട പനിയാണ്.
ആണോ? കഷ്ടം, എന്നിട്ട് സാര്‍ ഡോക്ടറെ കണ്ടോ?
ഒരു മൂന്നലു ഡോക്ടേറ്സിനെ കണ്ടൂ.
എന്നിട്ടു കുറവുണ്ടോ സാര്‍?
ഉവ്വ്

ഭാഗ്യം. സാര്‍ നന്നായിട്ടൊന്നുറങ്ങിക്കോളൂ.
നന്ദി.
പിന്നെ സാര്‍ ഏത് ഹോസ്പിറ്റലിലാ പോയത്?
BGS [അല്പം പോലും വൈറ്റ് വിടാണ്ട് തന്നെ പറഞ്ഞൂ]
ഒരു പാടു കാശായോ സാര്‍
ഹും....
ഞാനൊരു കൂട്ടം പറഞ്ഞാ സാര്‍ കേള്‍ക്കോ?
എന്താ പറയാനുള്ളെ?
ഞങ്ങള്‍ക്കൊരു ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പോളിസിയുണ്ട്. പനിയുടെ ഹോസ്പിറ്റല്‍ ചിലവുകള്‍   
   ഞങ്ങള്‍ വഹിക്കും സാര്‍.
എന്റെ ക്ഷമയുടെ നെല്ലിപ്പലകയില്‍ തുളവീണു, ശരിക്കും എന്റെ കുരുപൊട്ടിയ അവസ്ഥ.അന്നു ബസ്സില്‍ വെച്ചിങ്ങോട്ട് കിട്ടിയ വിശേഷാസ്ത്രം തന്നെ പ്രയോഗിച്ചു. എപ്പൊഴോ ആ കിളി ഫോണ്‍ വെച്ചു പറന്നു പോയി. ഇനി എന്റെ നമ്പറില്‍ അ കിളി വിളിക്കില്ലാന്ന് എനിക്ക് നല്ല വിശ്വാസമാണ്.


എന്തായാലും വൈകുന്നേരത്തെ ഗൂളിക കഴിച്ചിട്ടുറങ്ങാം. ഗുളിക കഴിച്ചു, വീണ്ടും ഉറക്കം പിടിച്ചു. വീണ്ടും സ്വപ്നങ്ങളുടെ ഒരു ഘോഷയാത്ര. വീണ്ടും പ്രതിദ്വനികള്‍ ചെവിയില്‍ ഓളംതള്ളി. അങ്ങനെ ശബ്ദം തേടി നടന്ന ഞാന്‍ കുന്നിന്നരികില്‍ വെള്ളാരം കല്ലുകള്‍ തിളങ്ങുന്ന ആ ചോലയില്‍ ആടിത്തിമിര്‍ക്കുന്ന വെള്ള സാരിയുടുത്ത നീണ്ട മുഖമുള്ള ആ സുന്ദരിയെ, 28:36:28, കണ്ടു. അവളെന്നെയും.

അവള്‍ പറഞ്ഞു ഇങ്ങടുത്തുവരൂ

എന്തിനാ?
എന്തിനാന്നറിഞ്ഞാലേ വരു ?
ഏയ്, ചുമ്മ ഒന്നു ജാട ഇറക്കിയതല്ലെ...
ഞാന്‍ വെള്ളത്തിലേക്കിറങ്ങി. നല്ല തണുത്ത വെള്ളം. കാലിലൂടെ തണുപ്പരിച്ചുകയറുന്നൂ.
ആഴമൊന്നുമില്ല പോന്നോളൂ.

ഞാന്‍ അവളുടെ അടുത്തെത്തി, ഒരു കുന്നിന്‍ ചെരുവില്‍ ഞാനും പാതി നനഞ്ഞൊട്ടിയ സാരിയുമായി അവളും.

ഞാന്‍ പറഞ്ഞു എന്റെ കണ്‌ട്രോളു പോവുന്നു.
എന്തിനാ?
നിന്നെ വാരിപ്പുണരാന്‍
എന്നാപിന്നെ ചെയ്തൂടെ, ഇപ്പോഴത്തെ ആണ്‍പിള്ളോരൊക്കെ വെറും ചോക്ലേറ്റുകള്‍ മാത്രാണ്. ഒന്നിനും ഒരു ചുണയില്ല. പണ്ട് ജയന്‍ സാറുണ്ടായിരുന്ന കാലത്ത് ഇങ്ങനെ യായിരുന്നില്ലാ..

നീ എന്നെ വെറുതെ ഈഗോ കയറ്റരുത്...

ഞാന്‍ കണ്ണുകളടച്ചു അവളുടെ ശരീരത്തിനോടു ചേര്‍ന്നു നിന്നൂ.
പെട്ടന്നാണത് സംഭവിച്ച്ത്. കാലില്‍ എന്തോ ശ്ക്തിയായി വലിക്കുന്നൂ... തട്ടിമാറ്റിയിട്ടും പോവുന്നില്ലാ... കുതറി ഓടാന്‍ തോന്നി പറ്റുന്നില്ലാ...ശ്ക്തിയായി കാലുകുടഞ്ഞു. ഉറക്കത്തില്‍നിന്നും ഞാന്‍ ഞെട്ടി എണീറ്റു. കാലിലേക്കു നോക്കി.

ഞാന്‍ ഭയന്നു നിലവിളിച്ചുപോയീ, കാലിന്നടുത്ത് ജനലിന്‍ വെളിയിലൊരു ഭയാനകയായ സ്ത്രീ രൂപം എന്നെ തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നൂ.ഒരു പ്രായമായ ഒരു സ്ത്രീരൂപം, കണ്ണുകള്‍ ചുവന്ന് മുടി പാതി അഴിച്ചിട്ട് പാതു വായ തുറന്ന് നില്‍ക്കുന്നൂ.


ഞാന്‍ സകല ശക്തിയും എടുത്ത് ബെഡില്‍നിന്നും ചാടി എഴുന്നേറ്റു. ചുറ്റും ഇരുട്ടാണ്, ജനലിലൂടെ അരിച്ചിറങ്ങുന്ന സ്ട്റീറ്റ് ലൈറ്റിന്റെ വെളിച്ചം മാത്രം. ആ സ്ത്രീ രൂപം ഒരു അട്ടഹാസത്തോടെ മറഞ്ഞു പോയി. ഒട്ടും പേടിയില്ലാതെ ഞാന്‍ വിറച്ചുവിറച്ചു പോയി ലൈറ്റിട്ടു. സമയം 6:40.

വാതിലില്‍ ഒരു മുട്ടുകേള്‍ക്കുന്നു. ഞാന്‍ ശ്ബ്ദിച്ചില്ലാ. പ്രതികരിച്ചില്ലാ...
വീണ്ടും അതേ മുട്ടുകേള്‍ക്കുന്നു. ഒരു നായയുടെ ഓരിയിടലും. ഇതതുതന്നെ. ഈനേരത്തണപ്പോള്‍ യക്ഷിയിറങ്ങുന്നത്. വെറുതെയല്ല ഞാന്‍ കാത്തിരിക്കുന്ന രാത്രികളില്‍ ഇവരെ കാണാത്തത്.

മണിച്ചിത്രത്താഴില്‍ മോഹന്‍ലല്‍ പറഞ്ഞപോലെ ഞാന്‍ ചോദിച്ചു.

യാര്?
ഒരു പക്ഷെ യക്ഷിയും കണ്ടിട്ടുണ്ടെങ്കിലോ, ചന്ദ്രമുഖി കന്നടയിലും ഇറങ്ങിയിട്ടുണ്ടല്ലോ. ശ്ബ്ദം ഒന്നു പാളിയെങ്കിലും ടോണ്‍ കറക്റ്റായിരുന്നൂ...

ഞാന്‍ മീനാക്ഷിയമ്മാ.
എതുക്കാകെ വന്തേന്‍?
ഡിന്നര്‍ കൊടുക്കത്ക്കാകെ വന്തേന്‍

ഹൊ! അപ്പോഴാ ശ്വാസം നേരെ വീണത്. മെസ്സില്‍നിന്നും ഡിന്നറുമായിട്ട് വരാറുള്ള മീനാക്ഷിയമ്മയാണ്.

എന്തായാലും യക്ഷികളുമായിട്ടുള്ള എന്റെ കൂട്ടുകെട്ടു ഞാന്‍ അതോടെ ഉപേക്ഷിച്ചു. ആ സീന്‍ അനുഭവിച്ചിട്ടുള്ള ആരും പിന്നെ യക്ഷികളുമായി കൂട്ടുകൂടാന്‍ തല്‍പര്യം പ്രകടിപ്പിക്കില്ലാ.. അതെനിക്കുറപ്പാണ്.

4 comments:

പെണ്‍കൊടി said...

എന്തായലും BGS- ഇല്‍ പോയതോണ്ട് രാപ്പനിയും മീനാക്ഷിയമ്മ കാരണം കോണ്ടക്റ്റ് സര്‍ട്ടിഫിക്കറ്റില്‍ ചുവപ്പു മഷിയില്‍ എഴുതാന്‍ പറ്റുമായിരുന്ന പനിയും മാറിക്കിട്ടിയല്ലോ.. സന്തോഷം...

റിസപക്ഷനിസ്റ്റിന്റെ 'Customer Caring ' പോലെ തന്നെ മധുരമുള്ളതല്ലെ നമ്മളെ കടക്കാരാക്കാന്‍ വേണ്ടി വിളിക്കുന്ന കിളികളുടെ 'Customer Caring' - ഉം... അപ്പൊ തെറി വിളിക്ക്യാ വേണ്ടേ ?? ഹും...

Indu said...

Appo ee type swapnam onnu kaanan vendiyanalle englishum ayurvedavum keralathile pinne bangalorilem super specialitikal pareekshichathu..namichu chetta.

നവരുചിയന്‍ said...

ഒരു അര കുപ്പി ബ്രാണ്ടി അടിച്ച് നോക്കാന്‍ പാടില്ലായിരുന്നോ ???? നല്ല സുഖം ആയി ഉറങ്ങാല്ലോ ..... പിന്നെ എന്തായിരുന്നു ആ അസുഖത്തിന്റെ പേര് ???

jayanEvoor said...

മാലാഖാഖാ...!

അല്പം നീളം കൂടിയെങ്കിലും രസകരമായി വായിച്ചു!

‘സൂക്കേട്’ മാറാന്‍ ഇത്ര വൈകിയതിനു കാര്യം മനസ്സിലായില്ലേ!? നാട്ടില്‍ വന്ന് ഒരു ആയുര്‍വേദ ഡോക്ടറെ കണ്ടോ? ഇല്ലല്ലോ?

പിന്നെ ഈ ഞാനൊക്കെ ഇവിടെന്തിനാ ഇരിക്കുന്നത്!?

http://jayandamodaran.blogspot.com/

കാലക്രമത്തില്‍